This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോള്‍, ജി.ഡി.എച്ച്.

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോള്‍, ജി.ഡി.എച്ച്.

Cole, G. D. H.(1889 - 1959)

ഇംഗ്ലീഷ് സാമൂഹിക പരിഷ്കര്‍ത്താവും ധനശാസ്ത്രജ്ഞനും. ജോര്‍ജ് ഡഗ്ലസ് ഹോവാര്‍ഡ് കോള്‍ എന്നാണ് പൂര്‍ണ നാമധേയം. 1889-ല്‍ ജനിച്ചു. സെന്റ് പാള്‍സ് സ്കൂള്‍, ബാലിയോള്‍ കോളജ്, ഓക്സ്ഫഡ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനുശേഷം സാമൂഹിക പ്രശ്നങ്ങളില്‍ ആകൃഷ്ടനായി. വിദ്യാര്‍ഥിയായിരുന്ന കാലത്ത് ഓക്സ്ഫഡ് റിഫോര്‍മര്‍ എന്ന കാലിക പ്രസിദ്ധീകരണത്തിന്റെ സഹപത്രാധിപരായി സേവനമനുഷ്ഠിച്ചു. പിന്നീട് ഫാബിയന്‍ സൊസൈറ്റിയില്‍ അംഗമായി. 1913-ല്‍ പ്രസിദ്ധീകരിച്ച വേള്‍ഡ് ഒഫ് ലേബര്‍ എന്ന ഗ്രന്ഥത്തിലൂടെ സിന്‍ഡിക്കലിസത്തെയും സോഷ്യലിസത്തെയും തമ്മില്‍ ബന്ധിപ്പിക്കുവാന്‍ ഇദ്ദേഹം നടത്തിയ ശ്രമം ഏറെ ചര്‍ച്ചയ്ക്ക് വിധേയമായിരുന്നു. മധ്യകാലത്തെ ഗില്‍ഡുകളുടെ മാതൃകയില്‍ സംഘടനകളുണ്ടാക്കി വന്‍കിട വ്യവസായങ്ങളുടെ പൊതു ഉടമാവകാശം ആ സംഘടനകളുടെ കീഴിലാക്കണമെന്ന് ഇദ്ദേഹം വാദിച്ചു. 1915-ല്‍ ഫാബിയന്‍ സൊസൈറ്റിയുടെ ഭരണസമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ട കോള്‍ ഫാബിയന്‍ റിസര്‍ച്ച് ബ്യൂറോയുടെ തലവനായി. ഫാബിയന്‍ സംഘത്തിലെ അറിയപ്പെട്ട ഒരു വിപ്ലവകാരിയായിരുന്നു ഇദ്ദേഹം.

ജി.ഡി.എച്ച്. കോള്‍

അടുത്ത ദശകത്തില്‍ ഓക്സ്ഫഡില്‍ നിന്നും പിന്മാറിയ കോള്‍ ഫാബിയന്‍ സംഘത്തില്‍പ്പെട്ട വിപ്ളവകാരിയായ ഭാര്യ മാര്‍ഗരറ്റ് പോസ്റ്റ്ഗേറ്റ് കോളുമായി ചേര്‍ന്ന് ലണ്ടന്‍ സര്‍വകലാശാലയില്‍ ട്യൂട്ടോറിയല്‍ ക്ളാസുകള്‍ നടത്തുന്നതിനു നേതൃത്വം നല്കുന്നതിലും തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും സാഹിത്യരചനയിലും ഏര്‍പ്പെട്ടു. 1925-ല്‍ ഓക്സ്ഫഡില്‍ മടങ്ങിയെത്തിയ ഇദ്ദേഹം യൂണിവേഴ്സിറ്റി കോളജിലെ ഫെല്ലോ ആയും സാമ്പത്തികശാസ്ത്രത്തില്‍ റീഡര്‍ ആയും സേവനമനുഷ്ഠിക്കുകയുണ്ടായി. ഇദ്ദേഹത്തിന്റെ അന്നത്തെ ശിഷ്യന്മാരില്‍പ്പെട്ടവരാണ് ഹൂ ഗെയ്റ്റ്സ്കെല്‍ പോലുള്ള പ്രഗല്ഭന്മാര്‍. 1944 മുതല്‍ 57-ല്‍ ഉദ്യോഗത്തില്‍നിന്നു വിരമിക്കുന്നതുവരെ, ആള്‍ സോള്‍സ് കോളജില്‍ സാമൂഹികരാഷ്ട്രസിദ്ധാന്തത്തില്‍ പ്രൊഫസറായിരുന്നു. ഫാബിയന്‍ പ്രസിദ്ധീകരണമായ ന്യൂ സ്റ്റേറ്റ്സ്മാന്‍ എന്ന ആഴ്ചപ്പതിപ്പിന്റെ അധ്യക്ഷനായിരുന്നിട്ടുള്ള കോളിന്റെ ലേഖനങ്ങള്‍ അക്കാലത്തിറങ്ങിയ എല്ലാ പതിപ്പുകളിലുമുണ്ടായിരുന്നു.

1931-ല്‍ ഇദ്ദേഹം 'സൊസൈറ്റി ഫോര്‍ സോഷ്യലിസ്റ്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പ്രൊപഗാന്‍ഡാ' എന്ന സംഘടനയ്ക്ക് രൂപംകൊടുത്തു. എന്നാല്‍ ഈ സംഘടന കമ്യൂണിസത്തിലേക്കു ചാഞ്ഞു തുടങ്ങിയതോടെ കോള്‍ തന്റെ ബന്ധം വേര്‍പെടുത്തി. വസ്തുനിഷ്ഠമായ വിവരങ്ങള്‍ ശേഖരിക്കുന്നതിനുവേണ്ടി 1931-ല്‍ തന്നെ ഇദ്ദേഹം ന്യൂ ഫാബിയന്‍ റിസര്‍ച്ച് ബ്യൂറോ എന്ന പേരില്‍ രാഷ്ട്രീയമായ ചേരിതിരിവുകളില്ലാത്ത ഒരു ഏജന്‍സി രൂപവത്കരിച്ചു. ഈ ഏജന്‍സിയാണ് 1938-ല്‍ ഭിന്നിച്ചുനിന്ന ഫാബിയന്‍ സൊസൈറ്റിയുടെ പുനരുദ്ധാരണത്തിനു വഴിതെളിച്ചത്. ഗില്‍ഡ് സോഷ്യലിസം, ചരിത്രം, ജീവചരിത്രം, സാമ്പത്തിക-രാഷ്ട്രീയ-സാമൂഹിക വിശകലനം, കഥാസാഹിത്യം എന്നീ വിഭാഗങ്ങളില്‍പ്പെട്ട 130-ലധികം ഗ്രന്ഥങ്ങള്‍ക്ക് ഇദ്ദേഹം രചന നിര്‍വഹിച്ചിട്ടുണ്ട്. ഇക്കൂട്ടത്തില്‍, ഗില്‍ഡ് സോഷ്യലിസത്തെ ആധാരമാക്കി രചിച്ച സെല്‍ഫ് ഗവണ്‍മെന്റ് ഇന്‍ ഇന്‍ഡസ്റ്റ്രി (1917), കേസ് ഫോര്‍ ഇന്‍ഡസ്റ്റ്രിയല്‍ പാര്‍ട്നര്‍ഷിപ്പ് (1957), സോഷ്യലിസ്റ്റ് ചിന്തയുടെ ചരിത്രം വിശദമാക്കുന്ന ഹിസ്റ്ററി ഒഫ് സോഷ്യലിസ്റ്റ് തോട്ട് (1953-60, 5 വാല്യം) എന്നിവ പ്രത്യേകം പ്രാധാന്യമര്‍ഹിക്കുന്നു. ഇദ്ദേഹത്തിന്റെ ജീവചരിത്രരചനകളില്‍ മികച്ചവയാണ് ദ് ലൈഫ് ഒഫ് വില്യം കോബെറ്റ് (1924); ദ് ലൈഫ് ഒഫ് റോബര്‍ട്ട് ഓവന്‍ (1925) എന്നിവ. പ്രിന്‍സിപ്പിള്‍സ് ഒഫ് എക്കണോമിക് പ്ലാനിങ് (1935), ആന്‍ ഇന്റലിജന്റ് മാന്‍സ് ഗൈഡ് ടു ദ് പോസ്റ്റ് വാര്‍ വേള്‍ഡ് (1947) എന്നിവ ഇദ്ദേഹത്തിന്റെ അപഗ്രഥന പാടവം വ്യക്തമാക്കുന്ന ഗ്രന്ഥങ്ങളാണ്. ജി.ഡി.എച്ച്. കോള്‍ തന്റെ ഭാര്യയുമായി ചേര്‍ന്ന് 15-ലധികം അപസര്‍പ്പക നോവലുകളും രചിച്ചിട്ടുണ്ട്. 1959-ല്‍ കോള്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍